മുട്ടം: കടയിൽ അതിക്രമിച്ചു കയറി ജീവനക്കാരെ ആക്രമിച്ച കേസിൽ പ്രതികൾക്ക്14 വർഷം തടവും 35,000 രൂപ പിഴയും. 2017 ജൂലൈ എട്ടിന് രാത്രി എട്ടിന് കമ്പിവടികളുമായി രാജാക്കാടുള്ള പെയ്യക്കൽ വീട്ടിൽ മത്തായി വക കടയിൽ അതിക്രമിച്ചു കയറിയ കേസിലാണ് പ്രതികളായ രാജാക്കാട് വില്ലേജ് പുന്ന സിറ്റി കരയിൽ കാക്കുന്നേൽ വിഷ്ണു, കുരങ്ങുപാറക്കരയിൽ മഠത്തിപ്പറമ്പിൽ ബിബീഷ്, കാഞ്ഞിരംതടത്തിൽ അഖിൽ, വലിയകണ്ടം ഭാഗത്തുള്ള മായിക്കൽ റോബിൻ എന്നിവരെയാണ് ഇടുക്കി ജില്ലാ കോടതി അഡിഷണൽ ജഡ്ജി എസ്.എസ്. സീന വിധിച്ചത്.
മത്തായിയുടെ ആക്രിക്കടയിലെ ജോലിക്കാരായിരുന്ന അസംകാരനായ മജാലുദീൻ (36), തമിഴ്നാട്ടുകാരനായ കറുപ്പുസ്വാമി (48), എന്നിവരെ ആക്രമിച്ച് പരിക്കേൽപ്പിച്ചതാണ് സംഭവം. ബൈക്കിന്റെ പാർട്സ് വാങ്ങാനെത്തിയ പ്രതികളോട് കടയുടമ വന്നിട്ടേ സാധനങ്ങൾ തരൂ എന്ന് പറഞ്ഞതിലെ വിരോധമാണ് ആക്രമിക്കാനുള്ള കാരണം.
കേസിൽ പ്രോസിക്യുഷനു വേണ്ടി അഡ്വ. ജോണി അലക്സ് മഞ്ഞക്കുന്നേൽ ഹാജരായി. രാജക്കാട് എസ്എച്ച്ഒ ആയിരുന്ന പി.ഡി. അനൂപ്മോനാണ് പ്രതികൾക്കെതിരേ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.